പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും ശക്തമായ സാഹചര്യത്തില്‍, ഇറാനിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി.
നിലവില്‍ ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും ലഭ്യമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
ഇറാനിലേക്കുള്ള എല്ലാവിധ യാത്രകളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് എംബസി തങ്ങളുടെ മുന്‍ നിര്‍ദ്ദേശം വീണ്ടും ഓര്‍മ്മിപ്പിച്ചു. മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.
ഏപ്രില്‍ മാസത്തില്‍ നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷം ഇതാദ്യമായി ഇറാന്‍ ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ തിരിച്ചടിയുണ്ടായത്.
ഇസ്രായേലിന് നല്‍കിയ ഒരു 'മുന്നറിയിപ്പ്' മാത്രമാണ് ഈ ആക്രമണമെന്നും ഇസ്രായേല്‍ വീണ്ടും സൈനിക നടപടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് പ്രസ്താവിച്ചു.
ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ ഇസ്രായേലില്‍ ഉടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയാല്‍ ഇറാനെതിരെ ശക്തമായി തിരിച്ചടിക്കാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ വ്യക്തമാക്കി.
അതേസമയം, മേഖലയിലെ സമാധാനശ്രമങ്ങളെ തകര്‍ക്കുന്നത് അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന്‍ ആരോപിച്ചു. ടെഹ്റാനെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധവും ലെബനനിലെ ഇസ്രായേല്‍ സൈനിക നടപടികള്‍ക്കുള്ള പിന്തുണയും നയതന്ത്രത്തിന് പകരം സൈനിക സമ്മര്‍ദ്ദത്തിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത് എന്നതിന്റെ തെളിവാണെന്ന് ഇറാന്റെ മുഖ്യ ചര്‍ച്ചക്കാരന്‍ കുറ്റപ്പെടുത്തി.
സംഘര്‍ഷം തുടര്‍ന്നാല്‍ പശ്ചിമേഷ്യയിലുടനീളമുള്ള അമേരിക്കന്‍ സൈനിക താവളങ്ങളും ഇസ്രായേലിന്റെ താല്പര്യങ്ങളും തങ്ങളുടെ ലക്ഷ്യങ്ങളായി മാറുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
വെടിനിര്‍ത്തല്‍ കരാറിന് ശേഷം മേഖലയില്‍ നിലനിന്നിരുന്ന താല്‍ക്കാലിക സമാധാന അന്തരീക്ഷമാണ് പുതിയ ആക്രമണങ്ങളോടെ വീണ്ടും ആശങ്കയിലായിരിക്കുന്നത്. ഇറാനില്‍ ഏകദേശം 7,500-ഓളം ഇന്ത്യന്‍ പൗരന്മാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
