ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഇനി ഡിജിറ്റല്‍; മാറ്റങ്ങളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം


കുവൈറ്റ്: ഹൗസ് ഡ്രൈവർമാർ ഉള്‍പ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂർണ്ണമായും ഡിജിറ്റലാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.

പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച്‌ മന്ത്രാലയത്തിന്റെ ഐടി വിഭാഗമാണ് പുതിയ ഓണ്‍ലൈൻ വിസ സേവനത്തിന് തുടക്കമിട്ടത്. കുവൈറ്റിൻ്റെ ഏകീകൃത സർക്കാർ ആപ്പായ 'സഹില്‍' വഴി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇനിമുതല്‍ ഗാർഹിക വിസയ്ക്കുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാം.

 പുതിയ ഡിജിറ്റല്‍ സംവിധാനത്തോടൊപ്പം വിസ അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ മന്ത്രാലയം കൂടുതല്‍ കർശനമാക്കിയിട്ടുണ്ട്.

സർക്കാർ സേവനങ്ങള്‍ പൂർണ്ണമായും പേപ്പർ രഹിതമാക്കുന്നതിന്റെയും റിക്രൂട്ട്‌മെന്റ് വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്‌കാരം. പുതിയ പ്ലാറ്റ്‌ഫോം നിലവില്‍ വന്നതോടെ ഉപഭോക്താക്കള്‍ക്ക് സർക്കാർ സർവീസ് സെന്ററുകള്‍ നേരിട്ട് സന്ദർശിക്കാതെ തന്നെ വിസ അപേക്ഷകള്‍ സമർപ്പിക്കാം. ഇത് സമയലാഭത്തിനൊപ്പം നടപടിക്രമങ്ങളിലെ സുതാര്യതയും വർദ്ധിപ്പിക്കും.

പുതിയ സ്‌പോണ്‍സർഷിപ്പ് മാനദണ്ഡങ്ങള്‍ പ്രകാരം, ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്ക് ഒരു വീട്ടുജോലിക്കാരിയെയും ഒരു ഡ്രൈവറെയും റിക്രൂട്ട് ചെയ്യാം. 

കുട്ടികളുള്ള സ്ത്രീകള്‍ക്കും ഓരോ വീട്ടുജോലിക്കാരിയെയും ഒരു ഡ്രൈവറെയും സ്വന്തമാക്കാൻ അർഹതയുണ്ടാകും. ഇവർ വിവാഹിതരോ, വിവാഹമോചിതരോ, വിധവകളോ ആണോയെന്നതു കൊണ്ട് നിയമത്തില്‍ മാറ്റമുണ്ടാകുന്നില്ല.

കുടുംബമുള്ള പുരുഷന്മാർ (വിവാഹിതർ, വിവാഹ മോചിതർ, ഭാര്യ മരിച്ചവർ) ആയാല്‍ പരമാവധി മൂന്ന് വീട്ടുജോലിക്കാരികളെയും ഒരു ഡ്രൈവറെയും സ്‌പോണ്‍സർ ചെയ്യാം. അവിവാഹിതരായ പുരുഷന്മാർക്ക് ഒരു ഡ്രൈവറെ ഒപ്പം നിർത്താൻ മാത്രമേ പുതിയ നിയമപ്രകാരം അനുമതിയുള്ളൂ. മറ്റ് ഗാർഹിക തൊഴിലാളികളെ അനുവദിക്കില്ല.

ഗാർഹിക തൊഴിലാളി മേഖലയെ കൂടുതല്‍ വ്യവസ്ഥാപിതമാക്കാനും വിസകളുടെ ദുരുപയോഗം തടയാനും ഡിജിറ്റല്‍ ഗവേണൻസ് ശക്തിപ്പെടുത്താനും പുതിയ നിയന്ത്രണങ്ങളിലൂടെ സാധിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ