കുവൈത്ത് സിറ്റി: രാജ്യത്ത് 30 പേരുടെ കൂടി പൗരത്വം റദ്ദാക്കാൻ പൗരത്വ അന്വേഷണത്തിനായുള്ള സുപ്രീം കമ്മിറ്റി തീരുമാനിച്ചു. പൗരത്വം പരിശോധിക്കാനുള്ള സുപ്രീം കമ്മിറ്റി ചെയർമാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് ഉത്തരവിൽ ഒപ്പുവെച്ചു.
വ്യാജ രേഖകൾ ഉപയോഗിച്ച് പൗരത്വം നേടിയവരെ കണ്ടെത്തുന്നതിനായി രാജ്യത്ത് പരിശോധനകൾ ശക്തമായി തുടരുകയാണ്. ഇതിനോടകം വ്യാജരേഖകൾ ചമയ്ക്കൽ, ഇരട്ട പൗരത്വം, ക്രിമിനൽ പശ്ചാത്തലം എന്നിവ മുൻനിർത്തി ആയിരക്കണക്കിന് ആളുകളുടെ പൗരത്വമാണ് സർക്കാർ റദ്ദാക്കിയത്.
നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച് കുവൈത്ത് പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശ വനിതകൾക്ക് വിവാഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇനി കുവൈത്ത് പൗരത്വത്തിന് അർഹതയുണ്ടായിരിക്കില്ല. കൂടാതെ പൗരത്വം നൽകുന്നതും റദ്ദാക്കുന്നതും രാജ്യത്തിന്റെ പരമാധികാര പരിധിയിൽ വരുന്ന വിഷയമായതിനാൽ ഇതിനെതിരെ സിവിൽ കോടതികളെ സമീപിക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
