നികുതിദായകർക്ക് ധരീബ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈൻ മീറ്റിങ് ബുക്കിങ് സേവനം

 


ദോഹ: നികുതിദായകർക്ക് ജനറൽ ടാക്സ് അതോറിറ്റിയുമായി ഓൺലൈനായി കൂടിക്കാഴ്ച നടത്തുന്നതിന് ധരീബ പ്ലാറ്റ്‌ഫോമിലൂടെ പുതിയ മീറ്റിങ് ബുക്കിങ് സേവനം ആരംഭിച്ചു. സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെയും ആശയവിനിമയ മാർഗങ്ങൾ വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.

നികുതി സംബന്ധമായ സംശയങ്ങൾ ചർച്ച ചെയ്യുന്നതിനായി അതോറിറ്റിയിലെ ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധരുമായി നേരിട്ട് ബന്ധപ്പെടാൻ ഈ സംവിധാനം വഴി സാധിക്കും. കൂടിക്കാഴ്ചയ്ക്കായി നികുതിദായകർക്ക് അനുയോജ്യമായ സമയവും വിഷയം മുൻകൂട്ടി വ്യക്തമാക്കാനുള്ള സൗകര്യവും ഇതിലുണ്ട്. കൂടാതെ, ചർച്ച ചെയ്യേണ്ട വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും മുൻകൂട്ടി സമർപ്പിക്കാനും കഴിയും. ഇത് വഴി വിഷയങ്ങൾ വിശദമായി പഠിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും.

ധരീബ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്ത്, നാഷണൽ ഓതെന്റിക്കേഷൻ സിസ്റ്റം (തൗതീഖ്) വഴി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്. നികുതി നടപടിക്രമങ്ങൾ ലളിതമാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇത് സഹായിക്കുമെന്ന് ജനറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ