ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-യു.എസ് സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും സൗദി അറേബ്യക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളുമാണ് ക്രൂഡോയിൽ വില വർധനവിന് കാരണമായത്. ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 107 ഡോളറിലേക്കും മർബൻ ക്രൂഡ് 127 ഡോളറിലേക്കും ഉയർന്നു.
ഇറാനിലെ എണ്ണ ഉത്പാദന മേഖലകളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനുമായി ചർച്ചകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ചെങ്കടലിൽ യു.എസ് ഡ്രോൺ തകർത്തതായി ഇറാൻ അവകാശപ്പെട്ടു.
എണ്ണവില കുതിച്ചുയർന്നതോടെ യു.എസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന ഭീതിയിലാണ് ആഗോള സാമ്പത്തിക രംഗം. ഫെഡ് ചെയർമാൻ കെവിൻ വാർഷിന്റെ നേതൃത്വത്തിൽ നടക്കുന്ന പുതിയ പണനയ യോഗത്തിൽ പലിശ നിരക്കിൽ 0.25 ശതമാനം വർധനവുണ്ടാകാനാണ് സാധ്യത. ഫെഡ് പലിശ നിരക്ക് ഉയർത്തിയാൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം പിൻവലിക്കപ്പെടാനും, രൂപയുടെ മൂല്യം ഇടിയാനും, ഭവന-വാഹന വായ്പകളുടെ ഇ.എം.ഐ ഉയരാനും ഇടയാക്കും.
അതിനിടെ, രാജ്യത്തെ ചില്ലറ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിൽ 4.82 ശതമാനമായി ഉയർന്നതോടെ റിസർവ് ബാങ്കും വരാനിരിക്കുന്ന യോഗത്തിൽ പലിശ നിരക്കുകൾ കൂട്ടിയേക്കും. എ.ഐ സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച സൃഷ്ടിക്കുന്ന ആശങ്കകളെ തുടർന്ന് പ്രമുഖ അമേരിക്കൻ ടെക് കമ്പനികളുടെ ഓഹരികളിൽ വൻ തകർച്ച രേഖപ്പെടുത്തി.
