ദോഹ :അന്തരീക്ഷത്തിലെ ഉയർന്ന താപനില മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുള്ള പ്രചാരണ പരിപാടി'യുടെ (Heat Stress Prevention Campaign) ഭാഗമായി തൊഴിലിടങ്ങളിൽ പരിശോധന ശക്തമാക്കി തൊഴിൽ മന്ത്രാലയം. തൊഴിലിടങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ 644 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ചട്ടങ്ങൾ പാലിക്കാത്ത 388 തൊഴിലിടങ്ങൾ അടച്ചുപൂട്ടിയതായും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ 1,638 നേരിട്ടുള്ള പരിശോധനകളിലൂടെയാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
നിയമനടപടികൾക്ക് പുറമേ, തൊഴിലുടമകളുമായും തൊഴിലാളികളുമായും നേരിട്ടുള്ള ആശയവിനിമയം നടത്തി നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ മന്ത്രാലയം വിപുലമായ പ്രചാരണങ്ങളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 522 ബോധവൽക്കരണ സന്ദർശനങ്ങളും 30 ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിച്ചു. ഏകദേശം 3,555 പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായും മന്ത്രാലയം അറിയിച്ചു.
