വാഷിംഗ്ടൺ: ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള യു.എസ്. സൈനിക ദൗത്യങ്ങളുടെ ഭാഗമായി ദോഹയിൽ വിന്യസിക്കപ്പെട്ട അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതായി പെന്റഗൺ സ്ഥിരീകരിച്ചു. 37-കാരിയായ ക്യാപ്റ്റൻ ബിയാങ്ക സി. വിൽക്കേഴ്സൺ ആണ് കൊല്ലപ്പെട്ടത്. യുദ്ധേതര സാഹചര്യത്തിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്ന് യു.എസ്. കരസേന അറിയിച്ചു.
ഇതോടെ നിലവിലെ സംഘർഷവുമായി ബന്ധപ്പെട്ട് യു.എസിനുണ്ടായ ഔദ്യോഗിക മരണസംഖ്യ 19 ആയി ഉയർന്നു. അതേസമയം, പ്രതിരോധ വകുപ്പിന്റെ പൊതു ഡാറ്റാബേസിൽ സൈനികരുടെ മരണവിവരങ്ങൾ പൂർണ്ണമായി ഉൾപ്പെടുത്തിയിട്ടില്ലെന്ന റിപ്പോർട്ടുകളെ തുടർന്ന്, പെന്റഗൺ പുറത്തുവിടുന്ന വിവരങ്ങളെക്കുറിച്ചുള്ള പരിശോധന തുടരുകയാണ്.
സൗത്ത് കരോലിനയിലെ ഷാ എയർ ഫോഴ്‌സ് ബേസിലുള്ള യു.എസ്. ആർമി സെൻട്രൽ & തേർഡ് ആർമി ആസ്ഥാനത്ത് സേവനമനുഷ്ഠിച്ചിരുന്ന വിൽക്കർസൺ, വിദേശത്തുള്ള സൈനിക ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ദോഹയിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. സൈനിക വിമാനത്തിൽ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിൽക്കർസണ് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 23-ന് കരസേന ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ, സെപ്റ്റംബർ 21-ന് ഇവരുടെ പേര് 'ഡിഫൻസ് കാഷ്വാലിറ്റി അനാലിസിസ് സിസ്റ്റം' (DCAS) പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
