ജൊഹാനസ്ബർഗിൽ സ്ത്രീകളെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന സീരിയൽ കില്ലർ ഭീതി പരത്തുന്നു


ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹാനസ്ബർഗിൽ സ്ത്രീകളെ ലക്ഷ്യമിട്ട് കൊലപാതകങ്ങൾ നടത്തുന്ന 'സീരിയൽ കില്ലർ' വലിയ ഭീതി സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒമ്പത് സ്ത്രീകളാണ് സമാന സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഒരേ കുറ്റവാളിയാണോ എന്ന കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊലപാതകങ്ങളിലെ സമാനതകൾ ഒരു പരമ്പര കുറ്റവാളിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

എകുർഹുലേനി മുനിസിപ്പാലിറ്റി പരിധിയിലാണ് ജൂലൈ മാസത്തിന് ശേഷം എട്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒമ്പതാമത്തെ സ്ത്രീയുടെ മൃതദേഹം ഡോൺ പാർക്കിന് സമീപം റോഡിൽ ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടരിൽ ഭൂരിഭാഗം പേരും കാണാതായി ദിവസങ്ങൾക്ക് ശേഷമാണ് റോഡരികിൽ മൃതദേഹങ്ങളായി കണ്ടെത്തിയത്. അർദ്ധനഗ്നമായ മൃതദേഹങ്ങളിൽ ക്രൂരമായ പരിക്കുകളുണ്ടെന്നും ഇരകളിൽ പലരും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പോലീസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

നഗരവാസികളെ ഭീതിയിലാഴ്ത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ച് കൃത്യമായ സൂചന നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റവാളിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ വ്യക്തമാക്കി. ലോകത്ത് ഏറ്റവും ഉയർന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നായ ദക്ഷിണാഫ്രിക്കയിൽ പ്രതിദിനം ശരാശരി 60 കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.



വളരെ പുതിയ വളരെ പഴയ