യുഎഇയിൽ പുതിയ സ്കൂൾ സമയക്രമം; സെപ്റ്റംബർ 7 മുതൽ പ്രാബല്യത്തിൽ

 


അബുദാബി: 2026-27 അധ്യയന വർഷത്തേക്കുള്ള പുതിയ സ്കൂൾ സമയക്രമം യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. സെപ്റ്റംബർ 7 തിങ്കളാഴ്ച മുതൽ രാജ്യത്തെ സ്കൂളുകളിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. കിൻഡർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുള്ള വിവിധ പഠന തലങ്ങൾക്കനുസരിച്ചാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത സമയക്രമവും വെള്ളിയാഴ്ചകളിൽ പ്രത്യേക സമയക്രമവും ഉണ്ടായിരിക്കും.


കിൻഡർഗാർട്ടൻ വിഭാഗത്തിൽ രാവിലെ 7.30 മുതൽ 8 മണി വരെ പ്രഭാത പ്രവർത്തനങ്ങളോടെയാണ് സ്കൂൾ ദിവസം ആരംഭിക്കുക. 8 മണിക്ക് അസംബ്ലിയും തുടർന്ന് ക്ലാസുകളും നടക്കും. തിങ്കൾ മുതൽ വ്യാഴം വരെ 45 മിനിറ്റ് വീതമുള്ള അഞ്ച് പിരീഡുകളാണ് ഉണ്ടാകുക. പ്രാതലിനും കളികൾക്കുമായി രണ്ട് ഇടവേളകളും നൽകും. വെള്ളിയാഴ്ചകളിൽ നാല് പിരീഡുകളായിരിക്കും. ആഴ്ചയിൽ ആകെ 24 പഠന ക്ലാസുകളാണ് കിൻഡർഗാർട്ടൻ വിഭാഗത്തിനുണ്ടാകുക.


ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾക്ക് സ്കൂളുകൾക്ക് തെരഞ്ഞെടുക്കാവുന്ന രണ്ട് സമയക്രമങ്ങളാണ് നൽകിയിരിക്കുന്നത്. ആദ്യ സമയക്രമത്തിൽ രാവിലെ 7.15ന് അസംബ്ലിയും 7.25ന് ആദ്യ പിരീഡും ആരംഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് പിരീഡുകളും രണ്ട് ഇടവേളകളും ഉണ്ടായിരിക്കും. അവസാന പിരീഡ് ഉച്ചയ്ക്ക് 1.25ന് അവസാനിക്കും. രണ്ടാമത്തെ സമയക്രമത്തിൽ രാവിലെ 8ന് അസംബ്ലിയും 8.15ന് ആദ്യ പിരീഡും ആരംഭിച്ച് ഉച്ചയ്ക്ക് 2.20ന് ക്ലാസുകൾ അവസാനിക്കും. ആഴ്ചയിൽ 45 മിനിറ്റ് വീതമുള്ള 32 പഠന ക്ലാസുകളാണ് ഈ വിഭാഗത്തിനുണ്ടാകുക.


അഞ്ച് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികൾക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15ന് അസംബ്ലിയും 7.25ന് ക്ലാസുകളും ആരംഭിക്കും. എട്ട് പിരീഡുകൾക്ക് ശേഷം ഉച്ചയ്ക്ക് 2.15ന് സ്കൂൾ സമയം അവസാനിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 7.10ന് അസംബ്ലിയും 7.15ന് ക്ലാസുകളും ആരംഭിച്ച് 10.25ഓടെ അവസാനിക്കും. ആഴ്ചയിൽ 36 പഠന ക്ലാസുകളാണ് ഉണ്ടാകുക.


ഈ വിഭാഗത്തിലെ പെൺകുട്ടികൾക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8ന് അസംബ്ലിയും 8.15ന് ആദ്യ പിരീഡും ആരംഭിക്കും. എട്ട് പിരീഡുകൾക്ക് ശേഷം വൈകിട്ട് 3.15ന് ക്ലാസുകൾ അവസാനിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 8ന് ആരംഭിക്കുന്ന ക്ലാസുകൾ 11.30ന് അവസാനിക്കും. പെൺകുട്ടികൾക്കും ആഴ്ചയിൽ 36 പഠന ക്ലാസുകളാണുള്ളത്.


പുതിയ സമയക്രമത്തിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂടുതൽ ക്രമബദ്ധവും മികച്ചതുമായ പഠനാന്തരീക്ഷം ഒരുക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

 

വളരെ പുതിയ വളരെ പഴയ